Monday, November 3, 2008

നാട്ടുപച്ച വായനയുടെ വാതായനങ്ങള്‍ക്കു മുന്നില്‍...



വളരെ ഏറെ പ്രതീക്ഷയോടെ ആഗോള മലയാളി സമൂഹം കാത്തിരുന്ന നാട്ടുപച്ച.കോം കേരളപ്പിറവി ദിനമായ നവമ്പര്‍ 1ന് വൈകീട്ട് 3 മണിക്ക് കോഴിക്കോടുള്ള ഹോട്ടല്‍ സ്പാനില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് പ്രശസ്ത സിനിമാ സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ ശ്രീ.രഞ്ജിത് ലോകമലയാളിയുടെ വായനയുടെ വാതയനങ്ങള്‍ക്കു മുന്നില്‍ തുറന്നു കൊടുത്തു.

ഓണ്‍‌ലൈന്‍ മാഗസിനുകളെക്കുറിച്ച് വളരെയൊന്നും തനിക്കറിയില്ലെങ്കിലും, നമുക്ക് നഷ്ടപ്പെട്ടുപോയ വായന ഒരു ക്ലിക്കകലെമാത്രമാണെന്നത് ആശാജനകമാണെന്ന് രഞ്ജിത് പറഞ്ഞു. 'ഇ' വായനക്കെന്നല്ല 'ആ' വായനക്കുപോലും സമയമില്ലാത്ത പരക്കം പാച്ചിലിലാണെങ്കിലും ഉടന്‍ തന്നെ 'ഇ' വായനാ ലോകത്തേക്കെത്തുമെന്നും നാട്ടുപച്ചയെ ലോകസമക്ഷം സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നാട്ടുപച്ചയുടെ കോര്‍പ്പറേറ്റ് ബ്രോഷര്‍ കൈരളി ടി.എം.ടി. സ്റ്റീലിന്റെ എം.ഡിയും, കോഴിക്കോട്ടെ യുവ വ്യവസായികളില്‍ പ്രമുഖനുമായ ഹുമയൂണ്‍ കള്ളിയത്ത് പ്രകാശനം ചെയ്തു. നാട്ടുപച്ച രാവില തന്നെ‍ സന്ദര്‍ശിച്ചുവെന്നും, വളരെ നല്ല രീതിയില്‍ ഇതു രൂപകല്പന ചെയ്തിട്ടുണ്ടെന്നും, മലയാളം വായനയുടെ ഈ പുതിയ സങ്കേതം തന്നെ സംബന്ധിച്ച് പുത്തനറിവാണെന്നും അദ്ദേഹം പറഞ്ഞു.

വാ മൊഴിക്കും, വരമൊഴിക്കും ശേഷം വന്ന തിരമൊഴിയെന്ന ഇ-എഴുത്തിനെ വളരെ ഗൌരവത്തോടു കൂടി തന്നെ വീക്ഷിക്കേണ്ടതുണ്ടെന്ന് തുടര്‍ന്നു സംസാരിച്ച പ്രമുഖ ആക്ടിവിസ്റ്റും, എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്രശ്നങ്ങള്‍ക്കു നേരെയും മുഖം തിരിക്കുമ്പോള്‍ അവ ഇ മാഗസിനുകളിലൂടെയും ബ്ലോഗുകളിലൂടെയും സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നുണ്ടെന്നും, നാട്ടുപച്ച പോലുള്ള മാഗസിനുകള്‍ക്ക് ഈ കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേരള സ്മാള്‍ സ്കെയില്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ.കെ.ഖാലിദ്, കോഴിക്കോട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.കമാല്‍ വരദൂര്‍, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീ.ഡി.പ്രദീപ്കുമാര്‍ എന്നിവരും ആശംസകളര്‍പ്പിച്ചു. നിരവധി പത്രപ്രവര്‍ത്തകരും, സാമൂഹ്യ-സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. നാട്ടുപച്ച എഡിറ്റര്‍ മൈന ഉമൈബാന്‍ സ്വാഗതവും, .സുധീര്‍ അമ്പലപ്പാട് നന്ദിയും പറഞ്ഞു.

വര്‍ത്തമാനം (സമകാലിക സംഭവങ്ങളുടെ വിശകലനം), മഷി (കഥ, കവിത, സംവാദം, വായന, പ്രണയം, ജീ‍വിതം, പ്രവാസം), കാഴ്ച (സിനിമ, കലാ, നാടക വിശകലനം), മൈതാനം (കായികരംഗം), പെണ്‍നോട്ടം, യാത്ര, ക്യാമ്പസ്, വിപണി, പുതുലോകം (ലൈഫ് സ്റ്റൈല്‍, പുതിയ കാര്യങ്ങള്‍), ചിരി വര ചിന്ത (കാര്‍ട്ടൂണ്‍, നര്‍മ്മം), ബൂലോഗം (ബ്ലോഗു റിവ്യൂ), ഞാനെഴുതുന്നു തുടങ്ങിയ വിവിധ ഉപവിഭാഗങ്ങള്‍ നാട്ടുപച്ചയില്‍ ഒരുക്കിയിട്ടുണ്ട്.

ആദ്യലക്കത്തില്‍ കെ.പി.രാമനുണ്ണി, സിവിക് ചന്ദ്രന്‍, പ്രേം ചന്ദ്, നീലന്‍ , ഇന്ദ്രബാബു, ബിച്ചു തിരുമല, സുഭാഷ് ചന്ദ്രന്‍, കെ. രേഖ, വിനയ, കമാല്‍ വരദൂര്‍ തുടങ്ങിയവരുടെ രചനകളും, എം.പി.വീരേന്ദ്രകുമാര്‍, ദീദി ദാമോദരന്‍ എന്നിവരുമായുള്ള അഭിമുഖവും അടക്കം 34 രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാട്ടുപച്ചയുടെ അടുത്ത ലക്കം നവമ്പര്‍ 15നു പുറത്തിറങ്ങും.

5 comments:

നാട്ടുപച്ച said...

"നാട്ടുപച്ച വായനയുടെ വാതായനങ്ങള്‍ക്കു മുന്നില്‍..."

വിദുരര്‍ said...

അഭിനന്ദനം

Unknown said...

welcome to the e-reading world

പ്രയാസി said...

ആശംസകള്‍

smitha adharsh said...

best wishes..