Friday, April 2, 2010

ഒളിഞ്ഞുനോട്ടം...പുതു സ്റ്റൈല്‍

ലൈംഗികമായ അരാജകത്വം ഇത്രമേല്‍ കൊടികുത്തിവാഴുന്ന മറ്റൊരു കാലമില്ല. നമ്മുടെ അമ്മയും പെങ്ങളുമൊഴികെ ആരുടെയും നഗ്നചിത്രങ്ങളും രതിവിനോദരഹസ്യങ്ങളും ഇന്റര്‍നെറ്റില്‍ കാണുന്നതിന് ആര്‍ക്കും ഒരു മടിയുമില്ലാത്ത കാലം.ആരെയും സ്വകാര്യമായി ഒന്നും ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്ന സിറ്റിസണ്‍ ജേര്‍ണലിസ്റ്റായി ലോകം മാറീയിരിക്കുന്നു.

കുഷ്ഠരോഗി മുതല്‍ പുണ്യവാളന്മാര്‍ വരെ ഭക്ഷണം കഴിക്കാനെത്തുന്ന ഒരു ശരാശരി ഹോട്ടലില്‍ പരിഷ്കാരത്തിന്റെ ഹൈജീനിക്ക് സങ്കോജങ്ങളെതുമില്ലാതെ കടന്നുചെല്ലുന്ന ഒരു സാധാരണക്കാരിക്ക് നേരിടേണ്ടിവന്നിരിക്കാവുന്ന ഒളികണ്‍ അഭിമാനക്ഷതം എത്രയാണേന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് കോഴിക്കോട് ‘സാഗറില്‍' ചില കോളേജ് പെണ്‍കുട്ടികള്‍ കണ്ണുകള്‍ തുറന്നു വച്ചത് കൊണ്ടുമാത്രമാണ്. മനോരോഗം ബാധിച്ച പുതിയ കാലത്തിന്റെ ഒരു തനിപ്പകര്‍പ്പ് വിളമ്പ് കാരനായി ആഗത വനിതകളെ ബലാത്സംഘം ചെയ്യാന്‍ അവിടെ പണീയെടുക്കുന്നുണ്ടായിരുന്നു. വാതിലടച്ചാ‍ല്‍ സര്‍വ്വം സുരക്ഷിതമായെന്നു കരുതി എത്രയേറെപ്പേര്‍ ഇതുവഴി കടന്നുപോയിരിക്കണം.എത്രയോ പേരുടെ അനാവ്യത ദേഹം ബ്ലൂടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴിയും കോടിക്കണക്കിനു സമാന ഹ്യദയര്‍ കണ്ട് സായൂജ്യം നേടിയിരിക്കണം.

മുഴുവന്‍ വായനക്ക്

മറ്റുള്ളവര്‍ക്ക് ഉപദ്രവകരമല്ലാത്ത ഒരു വ്യക്തിയുടെ സ്വകാര്യത അയാളുടെ മൗലികാവകാശമാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നവ / അപരനു സുഖത്തിനായ് വരേണം എന്ന് ഗുരു പാടിയത് അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തിയത് ആകെ ഒളിഞ്ഞുനോട്ടക്കാരാണെന്നുതോന്നുന്നു. നോക്കുന്നവന്‍ മാത്രം കണ്ടു സമാധിയായാല്‍ പോരാ കണ്ണുള്ളവരെല്ലാം കാണണം എന്ന ഉദാരസമീപനമാണ്.

തൂങ്ങിയാടുന്ന ശവത്തിന്റെ പോട്ടം മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ നിരനിരയായ് നില്ക്കുന്ന നാടാണ് കേരളം. റോഡില്‍ ചിതറിയ ശവത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സുകൃതമടയുന്ന മാനസികാവസ്ഥയെ എന്തുപേരിട്ടു വിളിക്കണമെന്ന് ഒരു സംസ്ഥാനസമ്മേളനമോ മറ്റോ നടത്തി മനശ്ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിക്കട്ടെ. 3 കോടി ജനമുള്ളേടത്ത് 2 കോടി മൊബൈലുള്ളതായാണ് കണക്ക്. തവണകളായി പണമടച്ചല്ലാതെ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവരുടെ നാട്ടിലെ കണക്കാണിത്.
ഒളിഞ്ഞുനോട്ടത്തിന്റെ തെളിഞ്ഞ കാഴ്ചകളുള്ള ചുമര്‍ചിത്രങ്ങളില്‍ നിന്നും മഞ്ഞപുസ്തകങ്ങളില്‍ നിന്നും നാലാളറിയാതെ കൊണ്ടാടപ്പെട്ട അവ്യക്തമായ നീലച്ചിത്രങ്ങളില്‍ നിന്നും കാലം മുന്നോട്ടുപോയി. ശാസ്ത്രസാങ്കേതിക വളര്‍ച്ച കണക്കിലെടുത്ത് ഇനി 3ഉ യില്‍ സംഗതി കണ്‍മുന്നിലെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. അസാരം അറിവ് വിവേകം അശേഷമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ രക്ഷകന്‍ തന്നെ അന്തകനായി മാറുന്ന കാഴ്ചയാണ്.

മുഴുവന്‍ വായനക്ക്...





മനുഷ്യമനസിന്റെ ഊര്‍ജ്ജ പ്രവാഹങ്ങളെ ഏകോപിപ്പിക്കുമ്പോള്‍ അത് പ്രപഞ്ചരഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ശരങ്ങളാകുമെന്നാണ് ഇന്നേവരെയുളള മാനവചരിതം സൂചിപ്പിക്കുന്നത്.
അറിവിനാല്‍ നിറഞ്ഞിരിക്കുന്ന പ്രപഞ്ചത്തിലേക്ക് മനസിന്റെ ഊര്‍ജ്ജ തരംഗങ്ങള്‍ കടന്നെത്തുമ്പോള്‍ വെളിവായിട്ടുളളതാണ് ഇന്നേവരെയുളള എല്ലാ കണ്ടുപിടിത്തങ്ങളും. വേദങ്ങള്‍ മുതല്‍ അത്യന്താധുനിക യന്ത്രങ്ങള്‍വരെ അതില്‍പെടും. അനുഗ്രഹവും അതേസമയം ഉപഭോഗവൈകല്യത്താല്‍ ശാപവുമായിരിക്കുന്ന മൊബൈല്‍ ഫോണ്‍ പോലും ഊര്‍ജ്ജം സംഭരിച്ചുവച്ചിരിക്കുന്ന ഇത്തരം കണ്ടെത്തെലാണ്.




പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പരാമര്‍ശിച്ചിട്ടുളള മായാസങ്കല്‍പങ്ങളുടെ മൂര്‍ത്തീകരണം കൂടിയാണ് ഈ ഉപകരണം. അപകടങ്ങളിലോ ദുരന്തങ്ങളിലോ പെട്ടുപോകുന്നവര്‍, ഒറ്റപ്പെട്ടുപോകുന്നവര്‍, സഹായം തേടുന്നവര്‍ തുടങ്ങി മാധ്യമ രംഗം വരെയുളള മേഖലകളില്‍ എന്തെന്തു സഹായമാണ്, വിപ്ളവകരമായ പരിവര്‍ത്തനമാണ് ഈ ഉപകരണം സാധ്യമാക്കുന്നത്.



ഇന്ന് സംശയങ്ങളുടെയും ഭയത്തിന്റെയും ആശങ്കകളുടെയും നിഴലില്‍ ഈ ഉപകരണം നില്‍ക്കുന്നെങ്കില്‍ അത് ഉപയോക്താക്കളുടെ തകരാറുമാത്രമാണ്. മാനസികാവസ്ഥയുടെ അപക്വതയും കാപട്യവുമുണ്ടതില്‍.
പീഡനകഥകളിലേയും പെണ്‍വാണിഭത്തിലെയും മുഖ്യവില്ലന്‍ കഥാപാത്രമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍. താമരഇലയും ഹംസവും വര്‍ണകടലാസും കടന്ന് കാമാദ്രലേഖനങ്ങള്‍ ഇ-മെയില്‍ ചാറ്റുവരെ എത്തിനില്‍ക്കുന്നുണ്ടെങ്കിലും സെല്‍ഫോണ്‍ നല്‍കുന്ന വിനിമയ സൌകര്യം മറ്റെന്തിനേയും നിഷ്പ്രഭമാക്കുന്നു.
പണാധിഷ്ഠിതമായ സമൂഹത്തില്‍ ബന്ധങ്ങളുടെ മൂല്യം പണം നിശ്ചയിക്കുമ്പോള്‍ പ്രണയവും കാമവും അങ്ങനെയാകാതെ തരമില്ലല്ലോ. ഇവിടെ പണം വിനിമയം ചെയ്യുന്ന സംഗതികളെ പ്രാപ്യമാക്കുന്ന ശ്രമത്തെ ലളിതമാക്കുകയാണ് സെല്‍ഫോണ്‍ പോലുളള ഉപകരണങ്ങള്‍.
ഗൂഢാഭിലാഷങ്ങള്‍, ആന്തരിക ചോദനകള്‍, ജൈവകാമനകള്‍ തുടങ്ങിയവയിലേക്ക് രഹസ്യമായി കടന്നെത്താന്‍ ഇത്തരം ഉപകരണങ്ങള്‍ വഴിയൊരുക്കുമ്പോള്‍ സ്വാഭാവിക പരിണതിയായ ദുരന്തം കടന്നെത്തുന്നു. ജീവിതം ശിഥിലമാകുകയും ചെയ്യുന്നു.




പൂ’ണ്ണ വായനക്ക്

No comments: